Sunday, August 23, 2009

റമദാന്‍ ചിന്തകള്‍ 02/2009

റമദാന്‍ ചിന്തകള്‍ 02/2009


സൌജന്യമായി ഇഫ്താര്‍ ഭക്ഷണം നല്‍കാന്‍ വേണ്ടി അബുദാബി കോ ഒപരെട്ടീവ്‌ തയ്യാറാക്കിയിട്ടുള്ള വിതരണശാല


പുണ്യമാസ്സമായ റമദാനിലെ രണ്ടാം നാളിലേക്ക് നമ്മള്‍ കടന്നു. ജനങ്ങള്‍ മത വിശ്വാസ്സങ്ങളും ആചാരങ്ങളും അനുഷ്ടിക്കുന്നത് പല തരത്തിലാണ്. ബഹു ജനം പല വിധം എന്ന മലയാളത്തിലെ ചൊല്ല് പോലെ. ഈയുള്ളവന്‍ ഈ വരികള്‍ ഇവിടെ എഴുതുമ്പോള്‍ ചില മനസ്സുകളില്‍ തോന്നുന്നുണ്ടായിരിക്കാം എന്താണ് ഇങ്ങനെ ഒക്കെ ചെയ്യാന്‍ കാരണം.

മതങ്ങളും ഗുരുക്കന്മാരും ആചാര്യന്മാരും പണ്ട്മുതലേ എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന വിദ്യാഭ്യാസ്സ പ്രക്രിയയും. എല്ലാവരിലും നല്ലത് കണ്ടും, എല്ലാ മതങ്ങളില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു ഈശ്വരനില്‍ അര്‍പ്പിച്ചു കൊണ്ട് ഉള്ള ഒരു നിത്യ ജീവിത പ്രക്രിയ ആണ് ഞാന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. നാട്ടിലും, പിന്നെ ഇവിടെ വന്നു ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഈ 22 വര്‍ഷ കാലത്തിലും എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കളെ നേടി തന്നിട്ടുണ്ട്. അത് തന്നെ മതിയല്ലോ എന്നിക്ക് അവരുടെ പ്രധാന ആചാരങ്ങളെ പറ്റിയുള്ള അറിവും മതിപ്പും എന്നില്‍ വേരുറപ്പിക്കാന്‍. നമ്മള്‍ ശാസ്ത്രം പഠിച്ചത് കൊണ്ട്, ഗണിതം പഠിച്ചു കൂടാ എന്നില്ലല്ലോ? എല്ലാ നന്മാകള്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട് ഇന്നത്തെ ചിന്തകളിലേക്ക് കടക്കട്ടെ.

ആദ്യ ദിവസ്സത്തെ ഉപവസ്സവും അതോടനുബന്ധിച്ചുള്ള ഇഫ്താര്‍ ചടങ്ങുകളും ചിലര്‍ക്കെങ്കിലും ഒരു പുതുമയായിരിക്കും. ഞാന്‍ പറഞ്ഞു വരുന്നത് നമ്മുടെ കൊച്ചു കൂട്ടുകാരെ പറ്റിയാണ്. അതായതു കുട്ടികളെ. പലപ്പോഴും നമ്മള്‍ അറിയാതെ നമ്മളെ സശ്രദ്ധം വീക്ഷിക്കുന്ന അവര്‍, പലപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ അണുവിട വിടാതെ ചെയ്യാന്‍ ഉത്സാഹം കാണിക്കുന്നത് കാണാം. റമദാന്‍ മാസ്സക്കാലത്തെ ഉപവാസ്സം അതില്‍ ഒന്ന് തന്നെ. തന്റെ മാതാപിതാക്കളും അവരുടെ ബന്ധുക്കളും, സ്നേഹിതരും, വര്‍ഷാവര്‍ഷം ഒരു മാസ്സം തുടര്‍ച്ചയായി ചെയ്തു പോരുന്ന ആ ചടങ്ങുകളില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ ഉള്ള ആദ്യ അവസ്സരം. അവരുടെ കൊച്ചു മനസ്സിനുള്ളില്‍ ഒളിച്ചിരിക്കുന്ന അര്‍പ്പണ ബോധം പുറത്തു കൊണ്ട് വരാന്‍ ഉള്ള അവസ്സരം. കൂടാതെ ഉപവസ്സം കഴിഞ്ഞാല്‍ ബന്ധുക്കളും സ്നേഹിതരും ആയി ഒത്തു ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്സരം. താനേ അവരില്‍ വിശ്വാസവും നിശ്ചയാധാര്‍ദ്ദ്യവും കടന്നു വന്നില്ല്ലെന്കിലെ അത്ഭുതം ഉള്ളു.

എല്ലാവരും കൂട്ടായ്മയോട് കൂടി പ്രാര്‍ഥിക്കുകയും ജലപാനം കഴിക്കുകയും ചെയ്യുകയും ചെയ്യുന്നത് കാണുമ്പോള്‍ തന്നെ അവരില്‍ ഒരു കൂട്ടായ്മയുടെ വേരുകള്‍ കൊച്ചു മനസ്സിലെ ഉറപ്പിച്ചു കഴിയും.

ഒരു ചെറിയ സംഭവം കൂടി പറഞ്ഞു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ചുരുക്കട്ടെ. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു മടങ്ങുന്ന വഴി ഗോവ വഴിയാണ് വരാന്‍ ഇടയായത്. വിമാനം പറന്നു കുറച്ചു കഴിഞ്ഞപ്പോള്‍ സാധാരണ പോലെ ഭക്ഷണവും ജലപാന മധ്യ സല്കാരവും ആയി എയര്‍ ഹോസ്റെസ്സ് വന്നു. എന്റെ അടുത്ത് ഇരിന്നിരുന്നത് ഒരു ഗോവക്കാരനും അയാളുടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനും ആയിരുന്നു. അച്ഛനും മകനും തമ്മില്‍ പല കാര്യങ്ങളിലും സംഭാഷണം തുടര്‍ന്ന് കൊണ്ടേ ഇരിന്നു തുടക്കം മുതലേ. അവര്‍ വന്നു എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ ഗോവന്‍ സുഹൃത്ത്‌ രണ്ടു കുപ്പി ബിയര്‍ മതിയെന്ന് പറഞ്ഞു. തൊട്ടടുത്ത്‌ ഇരിക്കുന്ന മകന്റെ സീറ്റ്‌ ചൂണ്ടി കാട്ടി പുള്ളി പറഞ്ഞു, പറ്റുമെങ്കില്‍ രണ്ടെണ്ണം ആ സീറ്റിലേക്കും വച്ച് കൊള്ളൂ എന്ന്. അത് കേട്ട എയര്‍ ഹോസ്റെസ്സ് അതെ പ്രകാരം ചെയ്തു. അവര്‍ അവിടെ നിന്ന് നീങ്ങുന്നതിനു മുന്‍പേ ആ കുട്ടി ഉച്ചത്തില്‍ പറഞ്ഞു, അച്ഛാ, നിങ്ങള്‍ തെറ്റാണ് ചെയ്യുന്നത്, ഞാന്‍ മദ്ധ്യം കഴിക്കില്ലല്ലോ - പിന്നെന്തിനാ എന്റെ പേരും പറഞ്ഞു വാങ്ങിയത്. അത് കേട്ട ഞാനും, ആ അച്ഛനും, കൂടാതെ അത് കൊടുത്ത എയര്‍ ഹോസ്റെസ്സും, സ്തബ്ദരായി ഇരുന്നു പോയി. കൊച്ചു മനസ്സില്‍ കളങ്കം ഇല്ല.

ഈ റമദാന്‍ മാസ്സക്കലാതെ ചുരുങ്ങിയ ജോലി സമയം നിങ്ങള്‍ എല്ലാവരും കുട്ടികളുടെ കൂടെ പരമാവദി വിനിയോഗിക്കാന്‍ ഉപയോഗിക്കുക. അതില്‍ പരം സന്തോഷം വേറെ എന്തുണ്ട്. അവര്‍ക്ക് വേണ്ടി അവരുടെ കഴിവുകള്‍ ഉണര്‍ത്തുവാന്‍ വേണ്ടി ഞാനും നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും.

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ അകം നിറഞ്ഞ റമദാന്‍ ആശംസകള്‍.

രമേശ്‌ മേനോന്‍
23082009

No comments:

Post a Comment