Monday, July 27, 2009

ആര്‍ക്കും ചേരാവുന്ന പെന്‍ഷന്‍പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

ആര്‍ക്കും ചേരാവുന്ന പെന്‍ഷന്‍പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: പെന്‍ഷന്‍ ഫണ്ട്‌ റഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അതോറിട്ടിയുടെ ആര്‍ക്കുംചേരാവുന്ന പെന്‍ഷന്‍പദ്ധതി കേരളത്തിലുമെത്തി. സൗത്ത്‌ ഇന്ത്യന്‍ ബാങ്കുള്‍പ്പെടെയുള്ള ബാങ്കുകളില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.

''മെയ്‌ ഒന്നിനാണ്‌ പുതിയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്‌) അവതരിപ്പിച്ചത്‌. അന്നു തന്നെ 55 ശാഖകളില്‍ ഞങ്ങള്‍ ഇതിന്‌ സൗകര്യം ലഭ്യമാക്കി. ഇപ്പോള്‍ 75 ശാഖകളില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്‌. 150 ശാഖകളില്‍ പദ്ധതി ഏര്‍പ്പെടുത്താനാവശ്യമായ പരിശീലനം പൂര്‍ത്തിയായി. കൂടുതല്‍ കൂടുതല്‍ ശാഖകളില്‍ പദ്ധതി നടപ്പാക്കിവരികയാണ്‌. സപ്‌തംബര്‍ 30 ഓടെ 200 ശാഖകളില്‍ പെന്‍ഷന്‍ പദ്ധതി ലഭ്യമാവും.'' സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ചീഫ്‌ എക്‌സികൂട്ടീവായ ഡോ. വി.എ.ജോസഫ്‌ അറിയിച്ചു. ''കേരളത്തില്‍ മറ്റു ബാങ്കുകളെ അപേക്ഷിച്ച്‌ ഇക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്‌. പഴയ തലമുറ സ്വകാര്യബാങ്കുകളില്‍ ഞങ്ങള്‍ക്കുമാത്രമാണ്‌ ഇതിന്‌ അനുവാദം ലഭിച്ചിട്ടുള്ളത്‌. എല്ലാ ശാഖകളിലും പദ്ധതിയെത്തിക്കാനാണ്‌ ഞങ്ങളുടെ ശ്രമം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര - സംസ്ഥാന ജീവനക്കാരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അവരൊഴിച്ച്‌ ആര്‍ക്കുവേണമെങ്കിലും ചേരാമെന്ന്‌ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.ജെ. ജോസ്‌ മോഹന്‍ വ്യക്തമാക്കി. പ്രായം 55 വയസ്സില്‍ താഴെയായിരിക്കണം. ബാങ്കില്‍ അക്കൗണ്ട്‌ വേണമെന്ന്‌ നിര്‍ബന്ധമില്ല. അപേക്ഷ വാങ്ങി പൂരിപ്പിച്ച്‌ തിരിച്ചറിയല്‍ രേഖകളും ചുരുങ്ങിയത്‌ 500 രൂപയുമുണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാവുന്നതാണ്‌. പണമടച്ചാല്‍ രശീതികിട്ടും. പിന്നീട്‌ 15 ദിവസത്തിനകം പെര്‍മനന്റ്‌ റിട്ടയര്‍മെന്റ്‌ അക്കൗണ്ട്‌ നമ്പര്‍ (പ്രാണ്‍) സെന്‍ട്രല്‍ റെക്കോഡ്‌ കീപ്പിങ്‌ ഏജന്‍സിയായ എന്‍എസ്‌ഡിഎല്‍ അയച്ചുതരും.

കര്‍ഷകര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും തൊഴില്‍ രഹിതര്‍ക്കുമൊക്കെ ചേരാമെന്നതാണ്‌ പദ്ധതിയുടെ സവിശേഷത. 18 വയസ്സു പൂര്‍ത്തിയായിരിക്കണമെന്നേയുള്ളൂ. ഒരു ഇടപാടില്‍ 500 രൂപയോ പ്രതിവര്‍ഷം 6,000 രൂപയോ ആണ്‌ കുറഞ്ഞ നിക്ഷേപം. വര്‍ഷത്തില്‍ ചുരുങ്ങിയത്‌ നാലുതവണ പണമടച്ചിരിക്കണം. പെന്‍ഷന്‍ഫണ്ട്‌ മാനേജര്‍മാരായി ആറു പേരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. ഇതില്‍ ആരെവേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകനുണ്ട്‌.

ഓഹരി, കമ്പനി ബോണ്ടുകള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലായിരിക്കും പണം മുടക്കുക. ഇതിന്റെ അറ്റാസ്‌തിമൂല്യം പതിവായി പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്താം. കാലാകാലങ്ങളില്‍ പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാരെ മാറ്റാനും സൗകര്യമുണ്ടാവും.

സാധാരണഗതിയില്‍ 60 വയസ്സിലാണ്‌ പെന്‍ഷന്‍ ആരംഭിക്കുക. എന്നാല്‍ ഏതു സമയത്തും പിരിഞ്ഞുപോകന്‍ സ്വാതന്ത്ര്യമുണ്ട്‌. അതുവരെയുള്ള നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിര്‍ണയിക്കുകയും ചെയ്യും. അന്നത്തെ അറ്റാസ്‌തിമൂല്യത്തെ ആധാരമാക്കിയായിരിക്കും പെന്‍ഷന്‍.

60 വയസ്സിനു മുമ്പ്‌ വരിക്കാരന്‍ വിട്ടുപോവുകയാണെങ്കില്‍ അറ്റാസ്‌തിമൂല്യത്തിന്റെ 80 ശതമാനം തുകയും ഇന്‍ഷൂറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ ലൈഫ്‌ ആന്വറ്റി വാങ്ങാന്‍ ഉപയോഗിക്കണം. ബാക്കി 20 ശതമാനം ഒറ്റയടിക്ക്‌ പിന്‍വലിക്കാവുന്നതാണ്‌.

60 നും 70 വയസ്സിനുമിടയിലാണെങ്കില്‍ ചുരുങ്ങിയത്‌ 40 ശതമാനം തുക ആന്വറ്റി വാങ്ങാന്‍ ഉപയോഗിച്ചാല്‍ മതി. ബാക്കി ഒറ്റയടിക്കോ വര്‍ഷം 10 ശതമാനം തോതിലോ പിന്‍വലിക്കാം. എഴുപത്‌വയസ്സിലാണെങ്കില്‍ മുഴുവന്‍ തുകയും വരിക്കാരന്‌ തിരിച്ചുനല്‍കും. മരണപ്പെടുന്ന പക്ഷം പൂര്‍ണതുകയും നോമിനിക്കാണ്‌.

ഇടപാടുകാര്‍ക്ക്‌ സേവനം നല്‍കാനും അപേക്ഷാഫോറം സ്വീകരിക്കാനുമായി എസ്‌ബിഐ ഉള്‍പ്പെടെ ബാങ്കുകളും ഇന്‍ഷൂറന്‍സ്‌ സ്ഥാപനങ്ങളുമായി 22 പോയിന്റ്‌സ്‌ ഓഫ്‌ പ്രസന്‍സിനെ (പിഒപി) യാണ്‌ ചുമതലപ്പെടുത്തിയത്‌.

കണ്ടതും കേട്ടതും

No comments:

Post a Comment