Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അരങ്ങേറുന്ന ക്ഷേത്രകലകള്‍ക്ക് ആസ്വാദകരേറെയാണ്. രാവിലത്തെ ശീവേലി കഴിഞ്ഞാല്‍ ഉടന്‍ കിഴക്കേ നടപ്പുരയില്‍ ഓട്ടന്‍തുള്ളലും ശീതങ്കന്‍ തുള്ളലും അരങ്ങേറും.ഇതില്‍ കല്ല്യാണ സൗഗന്ധികവും, സഭാപ്രവേശവും, ഗരുഡ ഗര്‍വഭംഗവും തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് നന്തിപുലം പി.കെ.നീലകണ്‌ഠനും സംഘവുമാണ്. കല്യാണ സൗഗന്ധികത്തിലെ ഹാസ്യപ്രധാനങ്ങളായ സന്ദര്‍ഭങ്ങളെ അവതരിപ്പിക്കുമ്പോള്‍ കൂടി നില്‍ക്കുന്നവരില്‍ ചിരിപടരും. കൂത്തമ്പലത്തോട് ചേര്‍ന്ന സന്ധ്യാവേല പന്തലില്‍ മദ്ദളപറ്റ്, കൊമ്പുപറ്റ്, നാദസ്വരം എന്നിവയും ആസ്വദിക്കേണ്ട കാഴ്‌ചയാണ്. കിഴക്കേ ഗോപുരനടയില്‍ ചെണ്ടയുടെ താളലയമായ തായമ്പകയും മികച്ചതുതന്നെ. സന്ധ്യാസമയത്ത് കൂത്തമ്പലത്തില്‍ അമ്മന്നൂര്‍ കൂടിയാട്ട പാരമ്പര്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന ചാക്യാര്‍കൂത്തു കാണാന്‍ ആളുകള്‍ അഴികള്‍ക്കുള്ളിലൂടെ ആകാംക്ഷയോടെ എത്തിനോക്കും.പടിഞ്ഞാറേ പ്രദക്ഷിണ വഴിയില്‍ അരങ്ങേറുന്ന പാഠകവും ആളുകളെ ചുറ്റും കൂടി നിര്‍ത്തും. തലയില്‍ ചുവപ്പു പട്ടുമായി കൊടുങ്ങല്ലൂര്‍ കോവിലകത്തെ നന്ദകുമാര്‍ രാജയാണ് പാഠകം അവതരിപ്പിക്കുന്നത്. ഇതേസമയം നടക്കുന്ന പടിഞ്ഞാറെ നടപ്പുരയിലെ കുറത്തിയാട്ടവും ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പ്രിയമാണ്.
No comments:
Post a Comment