തീര്‍ത്ഥക്കരയിലെ ചെമ്പടമേളം കൂടല്‍മാണിക്യത്തിന്റെ മാത്രം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
ഇരിങ്ങാലക്കുട : പഞ്ചാരിമേളത്തിന്റെ പാല്‍ക്കടലില്‍ കുളിച്ചശേഷം തീര്‍ത്ഥക്കരയിലെ ചെമ്പടമേളവും ആളുകളില്‍ ആസ്വാദനത്തിന്റെ വര്‍ഷം ചൊരിയുന്ന കാഴ്‌ചയാണ് കൂടല്‍മാണിക്യത്തില്‍. പതിനൊന്ന് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് ഇരുപത്തിയൊന്ന് ചെമ്പടമേളങ്ങളാണ് ഇവിടെ കൊട്ടുന്നത്. ശീവേലിക്കും വിളക്കിനും ശേഷം അഞ്ചാം കാലം പടിഞ്ഞാറെ നടയില്‍ കൊട്ടിക്കലാശിക്കുന്നതോടെ മേളക്കാര്‍ രൂപകം കൊട്ടി നേരെ ചെമ്പടമേളത്തിലേക്ക് കടക്കും. കുലീപനി തീര്‍ത്ഥക്കരയിലൂടെയാണ് ചെമ്പടമേളം കടന്നുപോകുന്നത്. എന്നതിനാല്‍ തീര്‍ത്ഥക്കരമേളം എന്നപേരിലാണ് ഇവിടത്തെ ചെമ്പടമേളം അറിയപ്പെടുന്നത്. ചുറ്റമ്പലത്തിന്റെ വടക്കേ വാതിലിനടുത്ത് പ്രദക്ഷിണവഴിയില്‍ നടക്കുന്ന ചെമ്പടമേളം തട്ടകത്തിന്റെ വൈകാരിക മേളം കൂടിയാണ്. തൃശൂര്‍പൂരത്തിന്റെ ശില്‍പിയായ ശക്തന്‍തമ്പുരാന്‍ കൂടല്‍മാണിക്യം ഉത്സവവും രൂപകല്‍പ്പന ചെയ്‌തുവെന്നാണ് വിശ്വാസം. ചെമ്പടമേളം കേള്‍ക്കാന്‍ അദ്ദേഹവും വടക്കേ തമ്പുരാന്‍ കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്‍ക്കാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. വിശാലമായ തീര്‍ത്ഥകുളത്തിന്റെ സമീപത്ത് നടക്കുന്നതിനാല്‍ മേളത്തിന്റെ പ്രതിധ്വനി ദേശത്തെവിടെയും അലയടിച്ചുയരുന്നത് പ്രത്യേക അനുഭവമാണ്. തീര്‍ത്ഥക്കര ചെമ്പടമേളകലാകാരന്മാര്‍ക്ക് വൈദഗ്‌ധ്യം പ്രകടിപ്പിക്കാനുള്ള മത്സരവേദികൂടിയാണ്. ഇതിനാല്‍ പലപ്പോഴും ഇത് തായമ്പകയുടെ സ്വാഭാവം കൈവരിക്കുന്നുവെന്നും പറയുന്നു. ഉരുട്ടുചെണ്ടയിലും വീക്കനിലും കേമന്‍മാരായ ചെണ്ടക്കാരുടെ പ്രാഗത്‌്‌ഭ്യം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റുന്നതും തീര്‍ത്ഥക്കര മേളത്തിനിടയിലാണ്. പടിഞ്ഞാറേനടയില്‍ പഞ്ചാരി അവസാനിച്ചാല്‍ മേളകലാകാരന്മാരുടെ എണ്ണം കുറയുന്നതുകൊണ്ട് ഒരു വൃത്തത്തിന്റെ ആകൃതിയില്‍ തീര്‍ത്ഥക്കരയില്‍ നിരക്കുന്നതും കാഴ്‌ചയാണ്.
ഇരിഞ്ഞാലക്കുടയുടെ അടുത്ത നിവാസിയായിട്ടും ചിലകാര്യങ്ങള്‍ ഇപ്പോഴാണ് അറിയുന്നത്.നന്ദി.
ReplyDelete