Wednesday, November 26, 2008

ഭക്ഷണശീലങ്ങളും അര്‍ബുദവും

ഭക്ഷണശീലങ്ങളും അര്‍ബുദവും
from Mathrubhumi
അരുമ

ഓരോ മൂന്നു മിനിറ്റിലും ഒരാളില്‍ സ്‌തനാര്‍ബുദം സ്ഥിരീകരിക്കപ്പെടുന്നുണ്ട്‌. ഇന്ത്യയില്‍ 22 പേരില്‍ ഒരാള്‍ക്ക്‌ രോഗസാധ്യത എന്ന രീതിയില്‍ സ്‌തനാര്‍ബുദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നു. സ്‌ത്രീകള്‍ക്ക്‌ മാത്രമാണ്‌ സ്‌തനാര്‍ബുദഭീഷണി എന്നു കരുതുന്നുവെങ്കില്‍ തെറ്റി, ഇരുനൂറ്‌ പുരുഷന്മാരില്‍ ഒരാള്‍ക്കും രോഗസാധ്യതയുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കാന്‍സര്‍ ബാധിച്ച്‌ ലോകത്ത്‌ മരണമടയുന്ന സ്‌ത്രീകളില്‍ രണ്ടാമത്തെ മരണകാരണം സ്‌തനാര്‍ബുദമാണ്‌. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2015ല്‍ ഇന്ത്യയില്‍ രണ്ടര ലക്ഷം പുതിയരോഗികള്‍ ഉണ്ടാകും.
സ്‌തനാര്‍ബുദം തടയാന്‍ എന്തു ചെയ്യണമെന്ന്‌ ഏതെങ്കിലുമൊരു ഡോക്ടറോട്‌ ചോദിച്ചാല്‍ വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാഫി പരിശോധന നടത്തണമെന്നായിരിക്കും മറുപടി. മാമോഗ്രാഫി കാന്‍സര്‍ തടയുന്നില്ല, കണ്ടെത്തുന്നതേയുള്ളൂ.
കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നുവെന്നതാണ്‌ പ്രസക്തമായ ചോദ്യം. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗവേഷണഫലമനുസരിച്ച്‌ വന്‍കുടല്‍, സ്‌തനങ്ങള്‍, മൂത്രസഞ്ചി എന്നീ അവയവങ്ങളില്‍ കാന്‍സറുണ്ടാകുന്നവരില്‍ എണ്‍പതുശതമാനം പേര്‍ക്കും രോഗബാധയുണ്ടാകുന്നത്‌ ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ടാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
ശരീരത്തിലെ ഏതെങ്കിലും ഒരു കോശം അസാധാരണമായി പെരുമാറുന്നതാണ്‌ കാന്‍സറിന്റെ തുടക്കം. നിയന്ത്രണം വിട്ടു പെരുകുന്ന ഇത്തരം കോശങ്ങള്‍ ആരോഗ്യമുള്ള മറ്റു കോശങ്ങളെക്കൂടി നശിപ്പിക്കുന്നു. കൊഴുപ്പ്‌ കാന്‍സറിന്‌ കാരണമാകുന്നുവെന്ന കാര്യം ഇപ്പോളാരും നിഷേധിക്കില്ല. സ്‌തനാര്‍ബുദത്തിന്‌ കാരണമായ ട്യൂമറുകളില്‍ പലതും ഉണ്ടാകുന്നത്‌ ഈസ്‌ട്രജന്റെ അമിതസാന്നിധ്യംമൂലമാണ്‌. ശരീരത്തിലെ കൊഴുപ്പിന്റെ സാന്നിധ്യവും ഈസ്‌ട്രജന്റെ ആധിക്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഭക്ഷണത്തില്‍ നാരിന്റെ അംശം കുറയുന്നതും കാന്‍സറിന്‌ അനുകൂലമായ ഘടകമാണ്‌. ഉയര്‍ന്നതോതില്‍ കൊഴുപ്പടങ്ങിയ മാംസം, പാലുത്‌പന്നങ്ങള്‍ തുടങ്ങിയവ സ്‌ത്രീകളുടെ ശരീരത്തില്‍ ഈസ്‌ട്രജന്റെ അളവ്‌ വര്‍ധിപ്പിക്കുന്നു. ഇത്‌ ആത്യന്തികമായി കാന്‍സര്‍കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
മത്സ്യം, മാംസം, പാലുത്‌പന്നങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന കൊഴുപ്പടങ്ങിയ ഭക്ഷ്യവസ്‌തുക്കളില്‍ നാരിന്റെ (fibre) അംശം കുറവാണ്‌. ഈസ്‌ട്രജനെ നിയന്ത്രിക്കുന്നതില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം ഏറെ പ്രയോജനം ചെയ്യുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയില്‍നിന്ന്‌ ഈസ്‌ട്രജനെ പുറന്തള്ളുകയാണ്‌ നാരുകള്‍ ചെയ്യുന്നത്‌. അല്ലാത്തപക്ഷം രക്തത്തിലേക്ക്‌ ഈസ്‌ട്രജന്‍ ആഗിരണം ചെയ്യപ്പെടും; കാന്‍സര്‍ സാധ്യത വര്‍ധിക്കുകയും ചെയ്യും.
ആഴ്‌ചയില്‍ അഞ്ചുതവണ മാട്ടിറച്ചി കഴിക്കുന്നവരില്‍ സ്‌തനാര്‍ബുദസാധ്യത ഇരുനൂറുശതമാനം വര്‍ധിച്ചതായി ഒരു പഠനം വെളിപ്പെടുത്തുന്നു. എട്ടു മുതല്‍ പത്തുവരെയുള്ള പ്രായത്തില്‍ പെണ്‍കുട്ടികളുടെ ഭക്ഷണത്തില്‍നിന്ന്‌ മാംസത്തിന്റെ തോത്‌ കുറയ്‌ക്കുകയും പച്ചക്കറികള്‍ കൂട്ടുകയും ചെയ്‌തപ്പോള്‍ രക്തത്തില്‍ ഈസ്‌ട്രാഡിയോളിന്റെ അളവ്‌ മുപ്പതുശതമാനം കുറഞ്ഞതായി നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ 2003ല്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ആഹാരത്തില്‍ സമാനമായ മാറ്റം വരുത്തിയ മുതിര്‍ന്ന സ്‌ത്രീകളില്‍ ഈസ്‌ട്രജന്‍ സാന്നിധ്യം നാല്‌പത്താറുശതമാനം കുറഞ്ഞു.
ഇനി മാട്ടിറച്ചിയില്‍ നിന്ന്‌ വരട്ടിയ കോഴിയിറച്ചിയിലേക്കുള്ള മാറ്റം നിങ്ങളെ കൊഴുപ്പില്‍നിന്ന്‌ രക്ഷിക്കുമെന്ന്‌ ചിന്തിക്കുന്നുവോ. എന്നാല്‍ കാന്‍സര്‍ സാധ്യത ഇവിടെയാണ്‌ അധികമെന്ന്‌ ശാസ്‌ത്രീയപഠനങ്ങള്‍ വ്യക്തമാക്കുന്നു. കാന്‍സര്‍ജന്യവസ്‌തുക്കള്‍ ബീഫിനേക്കാള്‍ കോഴിയിറച്ചിയിലുണ്ട്‌. കൊളസ്‌ട്രോളിലും കോഴിയിറച്ചി പിന്നിലല്ല. തൊലിയുരിക്കുകയും കൊഴുപ്പു കളഞ്ഞുള്ള പാചകം പരീക്ഷിക്കുകയും ചെയ്‌താലും അതില്‍ നാലിലൊന്ന്‌ കൊഴുപ്പ്‌ ശേഷിക്കുന്നു.
മക്‌ഡൊണാള്‍ഡ്‌, ബര്‍ഗര്‍ കിങ്‌ എന്നിവരുടെ ഫാസ്റ്റ്‌ഫുഡ്‌ ശൃംഖലയില്‍, ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ നടത്തിയ പരിശോധനയില്‍ കാന്‍സര്‍ജന്യമായ ഒരു ഘട്ടം Phlp കണ്ടെത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന്‌ ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഈ വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ്‌ കൊടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ച മുമ്പ്‌ ലോസ്‌ ആഞ്‌ജിലിസില്‍ ചെന്നപ്പോള്‍ ഫാസ്റ്റ്‌ഫുഡ്‌ കടകളിലെല്ലാം ഗവണ്‍മെന്റിന്റെ ഒരു നോട്ടീസ്‌ പതിപ്പിച്ചതു കണ്ടു. മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴുള്ള കാന്‍സര്‍ സാധ്യതയായിരുന്നു നിയമപരമായ ആ മുന്നറിയിപ്പിലെ ഉള്ളടക്കം.
കാന്‍സര്‍ പഠനങ്ങളില്‍ പ്രധാനമായും വ്യക്തമായത്‌ രണ്ട്‌ കാര്യങ്ങളാണ്‌-പച്ചക്കറികളും പഴങ്ങളും കാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നു; മാംസവും മറ്റ്‌ മൃഗക്കൊഴുപ്പുകളും അപകടസാധ്യത കൂട്ടുന്നു. സസ്യാഹാരം കാന്‍സര്‍ സാധ്യത നാല്‌പതുശതമാനം കുറയ്‌ക്കുന്നതായി 'ഫിസിഷ്യന്‍സ്‌ കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍' നമ്മോട്‌ പറയുന്നതും ഇതോടൊപ്പം കൂട്ടിവായിക്കാം.

മനേകാഗാന്ധി

2 comments:

  1. മാറിയ ഭക്ഷണശീലവും, ഫാസ്റ്റ് ഫുഡ് സംസ്കാരവും മനുഷ്യ ശരീരത്റ്റിന്റെ പ്രതിരോധ ശക്തി തന്നെ നശിപ്പിക്കും. മണ്ണില്‍ പണിയെടുത്ത് ഉണ്ടാക്കിയിരുന്ന ഒന്നും കഴിക്കുവാനോ ക്യഷി ചെയ്യുവാനോ ആര്‍ക്കും വയ്യാതാവുകയും റെഡിമെയ്ഡ് ആയി കിട്ടുന്ന എന്തിനോടും ആര്‍ത്തി കൂടുകയും ചെയ്തു.

    ReplyDelete