Tuesday, November 25, 2008

കേരളം ഇന്ത്യയില്ലല്ലേ?

കേരളം ഇന്ത്യയില്ലല്ലേ?

ഈ രണ്ടു വാര്ത്ത വന്നത് മാതൃഭൂമി പത്രത്തില്‍ ആണ്. അതോ നമ്മുടെ മന്ത്രിമാരും വകുപ്പുകളും തമ്മില്‍ ഒരു ബന്ധവും ഇല്ലേ?



സാമ്പത്തികമാന്ദ്യം കേരളത്തില്‍ ഒന്നരലക്ഷം പേരുടെ ജോലി പോകും-മന്ത്രി ഐസക്‌

തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്ത്‌ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിന്റെ ഭാഗമായി പരമ്പരാഗത, പ്ലാന്‍േറഷന്‍ മേഖലകളിലെ ഒന്നരലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടമാകുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പ്രസ്‌താവിച്ചു. സംസ്ഥാന സമ്പദ്‌ഘടനയുടെ വളര്‍ച്ചാനിരക്ക്‌ 8.1 ശതമാനമായിരുന്നത്‌ ആറ്‌ ശതമാനത്തിലേക്ക്‌ താഴാനും സാധ്യതയുണ്ട്‌. റബ്ബറിനും നാളികേരളത്തിനുമായിരിക്കും ഏറ്റവും വലിയ വിലയിടിവ്‌ സംഭവിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. നിയമസഭയില്‍ പി. ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയിലാണ്‌ സംസ്ഥാനം നേരിടാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ധനമന്ത്രി ആശങ്ക പകര്‍ന്നത്‌.

കയറ്റുമതിയിലെ ഇടിവ്‌, നാണ്യവിളകളുടെ വിലത്തകര്‍ച്ച, ഐ. ടി.-ടൂറിസം രംഗത്തെ മുരടിപ്പ്‌, വായ്‌പാഞെരുക്കം എന്നിങ്ങനെയായിരിക്കും സംസ്ഥാനത്തെ സാമ്പത്തിക പ്രത്യാഘാതം ബാധിക്കുക. ഈ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാന്‍ ഉതകുംവിധമുള്ള ബജറ്റിനായിരിക്കും താന്‍ രൂപം നല്‍കുകയെന്നും ധനമന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്നതിന്‌ സംസ്ഥാനങ്ങളെ സജ്ജമാക്കാനും പൊതുവായ നിലപാടിന്‌ രൂപം കൊടുക്കാനുമായി സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടിട്ടുമുണ്ട്‌.

നടപ്പുവര്‍ഷം ആദ്യ അഞ്ചുമാസം കയറ്റുമതി പുരോഗമിക്കുകയായിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മറിച്ചായി. കയറിന്റെ കയറ്റുമതിയില്‍ 15.14 ശതമാനം വരവ്‌ കുറഞ്ഞു. മത്സ്യ ഉല്‌പന്ന കയറ്റുമതിയില്‍ 31 ശതമാനവും കശുവണ്ടിയില്‍ 25 ശതമാനത്തിന്‍േറയും കുറവുണ്ടായി. കുരുമുളകിന്‌ 25 ശതമാനം വരുമാനക്കുറവ്‌ നേരിട്ടു. സുഗന്ധവ്യഞ്‌ജന കയറ്റുമതിയെ ഇപ്പോള്‍ മാന്ദ്യം ബാധിച്ചിട്ടില്ലെങ്കിലും പിന്നീട്‌ ബാധിക്കാം.

ടയര്‍ വ്യവസായികള്‍ പ്രതിസന്ധിയുടെ പേരില്‍ ഇറക്കുമതിചുങ്കം നീക്കണമെന്ന്‌ ആവശ്യപ്പെടുന്നു. ഇതനുവദിച്ചാല്‍ റബ്ബര്‍ വില ഇനിയും കുറയും. 2001 നേക്കാള്‍ വലിയ വിലത്തകര്‍ച്ചയാണ്‌ നാളികേര വിപണി നേരിടാന്‍ പോകുന്നത്‌.

ഐ. ടി. രംഗത്ത്‌ തൊഴില്‍ ലഭ്യതയില്‍ 25 ശതമാനം കുറവ്‌ നേരിടും. വായ്‌പാഞെരുക്കമാണ്‌ മറ്റൊരു പ്രത്യേകത. രണ്ടുമാസത്തിനിടയ്‌ക്ക്‌ ബാങ്ക്‌ വായ്‌പയില്‍ 16630 കോടി രൂപയുടെ കുറവുണ്ടായി. കേരളം വില്‍ക്കുന്ന ഏതാണ്ടെല്ലാ ചരക്കുകളുടെയും വില ഗണ്യമായി കുറയുമ്പോഴും നാം വാങ്ങുന്ന അരി, പഞ്ചസാര, സ്റ്റീല്‍, സിമന്റ്‌ എന്നിവയുടെ വില താരതമ്യേന താഴ്‌ന്ന നിലയിലായിരിക്കും കുറയുക. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 2006-07ല്‍ 8.1 ശതമാനമായിരുന്നത്‌ ആറ്‌ ശതമാനമായി കുറയും. ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള പണമൊഴുക്ക്‌ തടസ്സപ്പെട്ടില്ല എന്ന പ്രത്യാശ മാത്രമാണ്‌ ആകെയുള്ള രജതരേഖ-മന്ത്രി പറഞ്ഞു.

ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന്‌ മുന്‍കൈയെടുക്കേണ്ടത്‌ കേന്ദ്രസര്‍ക്കാരാണ്‌. പരമ്പരാഗത മേഖലകളിലെ പാവങ്ങളെ സംരക്ഷിക്കുന്നതിന്‌ റേഷന്‍ അടക്കമുള്ള നടപടികള്‍ ശക്തമാക്കണം. ദേശീയ തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കണം, ഭക്ഷ്യസുരക്ഷാ പരിപാടി, സാമൂഹ്യ വനവത്‌കരണം, ശുചിത്വം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട്‌ ക്യാമ്പയിന്‍ രൂപത്തില്‍ നടപ്പാക്കണം. പശ്‌ചാത്തല മേഖലയില്‍ റോഡുകള്‍, പാലങ്ങള്‍, പാര്‍ക്കുകള്‍, പൊതുകെട്ടിടങ്ങള്‍ തുടങ്ങിയവയ്‌ക്കായി മുതല്‍മുടക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ വായ്‌പാ പരിധി ഉയര്‍ത്തണം. വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടിയെടുക്കണം. ഭക്ഷ്യഎണ്ണയ്‌ക്കുള്ള സബ്‌സിഡി വെളിച്ചെണ്ണയ്‌ക്കും നല്‍കുക, പൊതിക്കാത്ത തേങ്ങയ്‌ക്ക്‌ താങ്ങുവില പ്രഖ്യാപിക്കുക, റബ്ബറിന്റെ ഇറക്കുമതി ഉദാരവത്‌കരിക്കാതിരിക്കുക എന്നീ നിര്‍ദ്ദേശങ്ങളും തോമസ്‌ ഐസക്‌ മുന്നോട്ടുവച്ചു.


.


ഇന്ത്യയില്‍ മാന്ദ്യം ഉണ്ടാവില്ല- ധനമന്ത്രി

ന്യൂഡല്‍ഹി: പണപ്പെരുപ്പനിരക്ക്‌ കുറഞ്ഞുതുടങ്ങിയത്‌ ശുഭോദര്‍ക്കമാണെന്നും ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലകപ്പെടുകയില്ലെന്നും കേന്ദ്രധനമന്ത്രി പി. ചിദംബരം പറഞ്ഞു. ''2008-09 വര്‍ഷത്തിലെ ആദ്യപാദത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യയുടെ വളര്‍ച്ചനിരക്ക്‌ 7.9 ശതമാനമായിരുന്നു. രണ്ടാംപാദത്തിലും നിശ്ചയമായും ഉയര്‍ന്ന വളര്‍ച്ചനിരക്ക്‌ ഉണ്ടാവും. അതിനാല്‍ സാമ്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ചിന്തതന്നെ നാം കൈവിടണം. പകരം കരുതലോടെയുള്ള ശുഭാപ്‌തിവിശ്വാസമാണ്‌ വേണ്ടത്‌''- രാജ്യത്തെ സാമ്പത്തികകാര്യ പത്രാധിപന്മാരുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.

തിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ പ്രതീക്ഷാനിര്‍ഭരമായ ചിത്രം വരച്ചുകാട്ടുകയാണോ എന്ന ചോദ്യത്തിന്‌ 'രാജ്യത്തെ ധനസ്ഥിതിയുടെ യഥാര്‍ഥ ചിത്രമാണ്‌' താന്‍ നല്‍കുന്നതെന്നും ധനമന്ത്രി മറുപടി നല്‍കി. ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ നമ്മുടെ സമ്പദ്‌ഘടനയെ പരമാവധി സംരക്ഷിച്ചുനിര്‍ത്തുന്നതിനൊപ്പം നാം തുടര്‍ന്നുപോന്ന സാമ്പത്തികപരിഷ്‌കാരങ്ങള്‍ പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ടോ എന്നു ചിന്തിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുറന്ന സമ്പദ്‌ഘടനതന്നെയാണ്‌ നമുക്ക്‌ അഭികാമ്യം. എന്നാല്‍ സാമ്പത്തികമേഖലകളില്‍ വേണ്ട സമയത്ത്‌ ഇടപെടുകയും വേണം.

പണപ്പെരുപ്പനിരക്ക്‌ കുറച്ചു കൊണ്ടുവരാന്‍ റിസര്‍വ്‌ബാങ്ക്‌ കൈക്കൊണ്ട നടപടികള്‍ ഫലം കണ്ടിരിക്കയാണ്‌. പലിശനിരക്ക്‌ കുറച്ചതടക്കമുള്ള നടപടികള്‍ സമ്പദ്‌ഘടനയെ വികസനോന്മുഖമാക്കും. പണപ്പെരുപ്പനിരക്ക്‌ ഇനിയും കുറയുന്നതനുസരിച്ച്‌ പലിശ നിരക്കും കുറയും. എന്നാല്‍ പൊതുമേഖലാ ബാങ്കുകള്‍ക്കൊപ്പം പലിശനിരക്കു കുറയ്‌ക്കാന്‍ സ്വകാര്യബാങ്കുകള്‍ മടിക്കുന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ''അവര്‍ക്ക്‌ ഉപദേശം നല്‍കാന്‍ എനിക്കാവില്ല'' എന്ന്‌ ധനമന്ത്രി പറഞ്ഞു.

നമ്മുടെ ആഭ്യന്തര ഉപഭോഗവര്‍ധനയും ആഭ്യന്തര മുതല്‍മുടക്കുശേഷിയും ആഗോളപ്രതിസന്ധിയെ ചെറുത്തുനില്‍ക്കാന്‍ പോന്നതാണ്‌. ആഭ്യന്തര-വിദേശ മുതല്‍മുടക്കിനെ നാമിനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പോര്‍ട്ട്‌ഫോളിയോ മേഖലയിലെ വിദേശ മൂലധന വരവ്‌ കുറഞ്ഞെങ്കിലും സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൊത്തം വരവ്‌ ഉയര്‍ന്നുതന്നെയാണ്‌ നില്‍ക്കുന്നത്‌. സപ്‌തംബറോടെ കയറ്റുമതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌.

അതേസമയം ചൈന, സിംഗപ്പൂര്‍, ഹോളണ്ട്‌, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കൂടുതല്‍ കയറ്റുമതി സാധ്യമായത്‌ ഈ രംഗത്തും പ്രതീക്ഷ നല്‍കുന്നു- ചിദംബരം പറഞ്ഞു.

അതിനിടെ, എണ്ണവില കുറയ്‌ക്കുമോ എന്ന ചോദ്യത്തിന്‌ അക്കാര്യം തീരുമാനിക്കേണ്ടത്‌ പെട്രോളിയം മന്ത്രിയാണെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

എന്നാല്‍, അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിത്തീരുവ പുനഃസ്ഥാപിക്കില്ല എന്ന കാര്യത്തില്‍ മാത്രം മന്ത്രി ഉറപ്പ്‌ നല്‍കി.

ബാങ്കില്‍നിന്ന്‌ വായ്‌പയെടുത്ത്‌ തിരിച്ചടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയവര്‍ക്ക്‌ മാത്രമേ കാര്‍ഷിക കടം എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം ലഭിക്കൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു. തിരിച്ചടച്ചുകഴിഞ്ഞവര്‍ക്ക്‌ ആനുകൂല്യത്തിന്‌ അവകാശമുണ്ടാവില്ല- ചിദംബരം വ്യക്തമാക്കി.

1 comment: