Tuesday, February 17, 2009

ഭക്തിയുടെ ഭാവം

ഭക്തിയുടെ ഭാവം

അമ്മ മക്കളോട്‌

മക്കളെ,

അയല്‍വാസികളായി കഴിഞ്ഞ രണ്ടു കൂട്ടുകാരുടെ കഥ മക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ട്‌ എട്ടുപത്തുവര്‍ഷമായെങ്കിലും കുട്ടികള്‍ ഇല്ല. ആ ദുഃഖംമൂലം ആദ്യത്തെയാള്‍ ഈശ്വരനെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഒരു കുട്ടി ജനിക്കാന്‍ ദിവസവും ഈശ്വരനോട്‌ കരഞ്ഞു പ്രാര്‍ഥിക്കും. അങ്ങനെയിരിക്കെ സ്വപ്‌നത്തിലൊരു ദര്‍ശനമുണ്ടായി. ഭഗവാന്‍ സ്വപ്‌നത്തില്‍വന്നുചോദിച്ചു. ''കുട്ടികളുണ്ടായാല്‍ നിനക്ക്‌ തൃപ്‌തിയാവുമോ.'' അയാള്‍ പറഞ്ഞു: ''കുട്ടിയെ കിട്ടിയാല്‍ ഞാന്‍ തൃപ്‌തനാകും.'' ഭഗവാന്‍ അനുഗ്രഹിച്ചിട്ട്‌ മറഞ്ഞു. അധികം നാള്‍ കഴിയുന്നതിനുമുമ്പ്‌ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയായി. വലിയ സന്തോഷമായി. പക്ഷേ, പ്രസവിക്കുന്നതുവരെ പുതിയ ആധികളായി. കുട്ടിയ്‌ക്ക്‌ അവയവങ്ങള്‍ എല്ലാം കാണുമോ? ആണായിരിക്കുമോ? പെണ്ണായിരിക്കുമോ? കുട്ടിക്കുവേണ്ടി ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്ന അയാളുടെ ചിന്തകളില്‍ പിറക്കാന്‍പോകുന്ന കുട്ടി മാത്രമായി, ഈശ്വരചിന്ത മറന്നു.


ഭാര്യ പ്രസവിച്ചു. നല്ല ആരോഗ്യമുള്ള ഒരാണ്‍കുട്ടി. വലിയ സന്തോഷമായി. കുട്ടിക്കുവേണ്ടി പണം സൂക്ഷിച്ചുവെക്കാന്‍ തുടങ്ങി. ജോലിചെയ്‌തും കൈക്കൂലി വാങ്ങിച്ചും കുട്ടിക്ക്‌ സമ്പാദിച്ചു. സ്‌കൂളില്‍ചേര്‍ന്ന്‌ കുട്ടി തിരിച്ചുവരുന്നതുവരെ ആധിയാണ്‌. കുട്ടി വലുതാകുന്തോറും അവന്റെ ദുശ്ശാഠ്യങ്ങളും ദുശ്ശീലങ്ങളും വര്‍ധിച്ചുവന്നു. മാതാപിതാക്കളെ അനുസരിക്കാതെയായി. പഠിത്തത്തില്‍ തീരെ ശ്രദ്ധയില്ലാത്ത അവനെക്കുറിച്ച്‌ ആധി വലുതായി. കോളേജിലെത്തിയതോടെ മദ്യപാനം തുടങ്ങിയ മകന്‍ മാതാപിതാക്കളെവരെ ഉപദ്രവിക്കാന്‍ തുടങ്ങി. മകനെപ്പേടിച്ച്‌ സ്വത്തുവരെ പണയപ്പെടുത്തിയും കടം വാങ്ങിയും അവന്‌ നല്‌കിയ ഈ മാതാപിതാക്കള്‍ മറ്റുള്ളവരുടെ മുമ്പില്‍പ്പോലും പരിഹാസ്യരായി. കടംപോലും ആരും നല്‌കാതായി. പണം കിട്ടാതെയായപ്പോള്‍ മകന്‍ അവരെ ഉപേക്ഷിച്ചുപോയി. മകനുവേണ്ടിയാണ്‌ അവര്‍ ജീവിച്ചത്‌. ജീവിതത്തില്‍ ഭൗതികസുഖം മാത്രം ആഗ്രഹിച്ചവരായിരുന്നു ഇവര്‍. എന്നിട്ട്‌ ദുഃഖം മാത്രം ബാക്കിയായി.

ഇദ്ദേഹത്തിന്റെ അയല്‍വാസിയും ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്നു. പക്ഷേ, കുട്ടിക്കുവേണ്ടി ആയിരുന്നില്ല. ഈശ്വരനുവേണ്ടി ആയിരുന്നു. ''എനിക്ക്‌ കുട്ടികളില്ല. അതിനാല്‍ എല്ലാവരെയും ഈശ്വരന്റെ കുട്ടികളായി കാണാന്‍ എനിക്ക്‌ കഴിയണമേ''-എന്നാണ്‌ അയാള്‍ പ്രാര്‍ഥിച്ചിരുന്നത്‌.
ഈശ്വരന്റെ ഇച്ഛയുണ്ടെങ്കില്‍ കുട്ടി ജനിക്കും. പിന്നെ എന്തിന്‌ അതിനെക്കുറിച്ചോര്‍ത്ത്‌ ദുഃഖിക്കണം. ഈശ്വരനില്‍ ഭക്തിയുണ്ടാവാനാണ്‌ പ്രാര്‍ഥിക്കേണ്ടത്‌. ഇതായിരുന്നു അദ്ദേഹത്തിന്റെ ഭാവം. യഥാര്‍ഥ തത്ത്വം മനസ്സിലാക്കിയ ആളായിരുന്നു അദ്ദേഹം. എന്താണ്‌ ശാശ്വതമായിട്ടുള്ളത്‌. എന്താണ്‌ ജീവിതം. ഇത്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു.

ഭഗവദ്‌കഥകള്‍ പറഞ്ഞും ഈശ്വരനാമം ഉരുവിട്ടും കഴിഞ്ഞ അദ്ദേഹത്തിനും ആനന്ദം ലഭിച്ചു. അദ്ദേഹത്തിന്റെ അടുത്ത്‌ എത്തിയവര്‍ക്കും സന്തോഷമുണ്ടായി. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹം ധര്‍മപ്രവൃത്തികള്‍ക്ക്‌ ചെലവഴിച്ചു. സ്വന്തം ഭക്തിമൂലം അദ്ദേഹത്തിനും ഒരു കുട്ടിജനിച്ചു. കുട്ടി ജനിച്ചിട്ടും അദ്ദേഹത്തിന്റെ ഭക്തി നിലനിന്നു. കുട്ടി ജനിച്ചതില്‍ അമിതമായി ആനന്ദിച്ചില്ല. സദ്‌കഥകള്‍ കേട്ടും ഭഗവത്‌നാമങ്ങള്‍ ജപിച്ചും വളര്‍ന്ന ആ കുട്ടി സത്‌സ്വഭാവിയായി. എല്ലാവര്‍ക്കും പ്രിയങ്കരനായി. മാതാപിതാക്കള്‍ ആ കുട്ടിയില്‍ അമിതമായി മമത പുലര്‍ത്തിയില്ല. സ്വാര്‍ഥത ഒഴിഞ്ഞ അദ്ദേഹത്തിന്റെ വാര്‍ധക്യകാലത്തും ആനന്ദം ലഭിച്ചു. മറ്റുള്ളവരുടെ ബഹുമാനവും കിട്ടി. കുട്ടി ജനിക്കുന്നതിനുമുമ്പും പിമ്പും അദ്ദേഹം ആനന്ദവാനായി ജീവിച്ചു.
രണ്ടുപേരും ഭക്തരായിരുന്നു. ഒരാളുടേത്‌ കാമ്യഭക്തിയായിരുന്നുവെങ്കില്‍ മറ്റേയാളുടേത്‌ ഭക്തിക്കുവേണ്ടിയുള്ള ഭക്തിയായിരുന്നു. അദ്ദേഹം നിഷ്‌കാമ ഭക്തനായിരുന്നു. അതുമൂലം ജീവിതം മുഴുവന്‍ ആനന്ദം അനുഭവിക്കാന്‍ കഴിഞ്ഞു. ''സര്‍വരെയും ഈശ്വരന്റെ കുട്ടികളായി കാണാനുള്ള ശക്തിതരൂ''-എന്ന ആ പ്രാര്‍ഥനയാണ്‌ മക്കള്‍ സ്വീകരിക്കേണ്ടത്‌. അപ്പോള്‍ ആനന്ദം മാത്രമല്ല, നമ്മെ സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഒരു മകന്‍ മാത്രമല്ല, ലോകം മുഴുവന്‍ ഉണ്ടാവും.

അമ്മ


കടപ്പാട് അമ്മയോട്, മത്രുഭുമിയോടും

No comments:

Post a Comment