Monday, October 12, 2009

നഷ്ടപ്പെട്ട കൂട്ടുകാരിയില്‍ നിന്ന് മരിക്കാത്ത സന്ദേശങ്ങളിലേക്ക്‌

നഷ്ടപ്പെട്ട കൂട്ടുകാരിയില്‍ നിന്ന് മരിക്കാത്ത സന്ദേശങ്ങളിലേക്ക്‌

Posted on: 12 Oct 2009 വി.എസ്. ശ്യാംലാല്‍ www.mathrubhumi.com

തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്ക് വിശേഷ അവസരങ്ങളില്‍ ആശംസാ സന്ദേശം മുടങ്ങാതെ അയയ്ക്കാന്‍ അടുത്ത 100 വര്‍ഷം ഒരു വ്യക്തിക്കു കഴിയുമോ? അയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി അതു സാധിക്കും. അതിനായി ഒരു വെബ്‌സൈറ്റ് നിലവില്‍ വന്നുകഴിഞ്ഞു. പ്രണയത്തിനിടയില്‍ എന്നെന്നേയ്ക്കുമായി ജീവിതം വിട്ടുപോയ കൂട്ടുകാരിയില്‍ നിന്നാണ് ഇതിന്റെ തുടക്കം.
തൃശ്ശൂര്‍ മാടക്കത്തറ സ്വദേശിയായ ബിജു ജോര്‍ജ് എന്ന 29 കാരനാണ് സന്ദേശങ്ങള്‍ക്ക് അമരത്വം പകരുന്ന www.ojocard.com എന്ന വെബ്‌സൈറ്റിന്റെ ശില്പി. ആത്മാക്കളുമായി സംവദിക്കുന്നതിന് ഓജോ ബോര്‍ഡ് പ്രയോജനപ്പെടുത്താനാവും എന്നൊരു വിശ്വാസമുണ്ട്. മരിച്ചു പോയവരുടെ പേരില്‍ പോലും ആശംസാസന്ദേശങ്ങള്‍ അയയ്ക്കുന്ന വെബ്‌സൈറ്റിന്റെ പേര് അതിനാല്‍ ഓജോ കാര്‍ഡ് ആയി.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബിജുവിന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ച ഒരു റോങ് കോളില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു പെണ്‍കുട്ടിയായിരുന്നു മറുഭാഗത്ത്. സംസാരം പരിചയമായി, സൗഹൃദമായി - വീട്ടുകാരുടെ അറിവോടെ തന്നെ. അറിയാതെ അതു പ്രണയവുമായി.

ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ കല്യാണാലോചനകള്‍ തുടങ്ങിയിരുന്നു. ഓരോന്നു പറഞ്ഞ് അവള്‍ അത് മുടക്കി. കാരണമറിയാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബിജുവിനെ ചുമതലപ്പെടുത്തി. കാര്യമാരാഞ്ഞ അദ്ദേഹത്തോട് അവള്‍ തന്റെ പ്രണയം തുറന്നുപറഞ്ഞു. അവളോട് ബിജുവിനും പ്രണയം തോന്നിയിരുന്നുവെങ്കിലും സ്ഥിരവരുമാനമില്ലാത്തത് അദ്ദേഹത്തെ പിന്നോട്ടുവലിച്ചു. ബിജുവിന്റെ പ്രേരണപ്രകാരം പെണ്‍കുട്ടി വിവാഹത്തിനു തയ്യാറായി. നല്ലൊരു കുടുംബജീവിതം പരസ്​പരം ആശംസിച്ച് അവര്‍ പിരിഞ്ഞു. ഇടയ്ക്കുള്ള ഓരോ മിസ്ഡ് കോളിലും ക്രിസ്മസ്, പുതുവത്സരം, ജന്മദിനം തുടങ്ങിയ വേളകളില്‍ മുടക്കമില്ലാതെ കൈമാറുന്ന ആശംസാ സന്ദേശങ്ങളിലുമായി പിന്നീട് ബന്ധം ഒതുങ്ങി. ഇടയ്ക്ക് ആ പെണ്‍കുട്ടിയുടെ വിവാഹക്ഷണക്കത്തും ബിജുവിനു ലഭിച്ചു, വിവാഹത്തിനു വരരുത് എന്ന കുറിപ്പുമായി.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കു ശേഷം അവളുടെ കോളുകള്‍ വീണ്ടും ബിജുവിന്റെ ഫോണിലേക്കു വന്നുതുടങ്ങി. ക്രമേണ വിളി വരാതായി. മാസങ്ങള്‍ക്കുശേഷം ഒരു ജോലി നേടി ആദ്യ ശമ്പളം ലഭിച്ചപ്പോള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ ബിജു തീരുമാനിച്ചു. അവളുടെ നമ്പരില്‍ വിളിച്ചപ്പോള്‍ നിലവിലില്ലെന്നായിരുന്നു മറുപടി. പിന്നീട് വീട്ടിലേക്കു വിളിച്ചു. അമ്മ നല്‍കിയ മറുപടി ബിജുവിനെ ഞെട്ടിച്ചു. ദുരിതപൂര്‍ണമായ ഹ്രസ്വകാല ദാമ്പത്യത്തിനൊടുവില്‍ കൂട്ടുകാരി ആത്മഹത്യ ചെയ്തു.
ആശംസിക്കാന്‍ ആരുമില്ലാതെ ബിജുവിന്റെ ജന്മദിനം കടന്നു പോയി. ആ വേദനയില്‍നിന്നാണ് ഓജോകാര്‍ഡ് എന്ന ആശയം. ബിജുവിന്റെ സുഹൃത്തുക്കളായ തൃശ്ശൂര്‍ മാടക്കത്തറയിലെ സന്തോഷ് കീറ്റിക്കല്‍, രഞ്ജിത്ത്, സന്തോഷ് ചെമ്മണ്ട, വെള്ളാനിക്കര സ്വദേശി ജയകുമാര്‍ എന്നിവര്‍ ഒപ്പം ചേര്‍ന്നു. ദുബായിലെ ഒരു സ്ഥാപനമാണ് ഇപ്പോള്‍ www.ojocard.com തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സംരംഭത്തിന് പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജു ഇപ്പോള്‍.

1 comment: