Thursday, November 12, 2009

ആനകള്‍ക്കായി ഒരു ബ്ലോഗ്‌

ആനകള്‍ക്കായി ഒരു ബ്ലോഗ്‌
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

കണ്ടതും കേട്ടതും കുത്തിക്കുറിക്കാന്‍ മാത്രമല്ല, കണ്ടാല്‍ തന്നെ 'വമ്പനായ' ആനകളെ കാണാനും ഇനി ബ്ലോഗ്‌ തുറക്കാം. ആനകളുടെ യഥാര്‍ത്ഥ ജീവിതം വരച്ചുകാട്ടുന്ന കുറെയധികം കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ്‌ ഈ 'ആന ബ്ലോഗ്‌' ഒരുക്കിയിരിക്കുന്നത്‌. കാര്‍ട്ടൂണിസ്‌റ്റ്‌ ശങ്കര്‍, അബു എന്നിവരുടെ 1920 മുതലുള്ള നൂറോളം ആന കാര്‍ട്ടൂണുകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതോടൊപ്പം അമേരിക്ക, ഇറാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ വിവിധ വലിപ്പത്തിലും ഭാവത്തിലുമുള്ള കാര്‍ട്ടൂണുകളും ബ്ലോഗില്‍ ഇടം തേടിയിട്ടുണ്ട്‌. ബ്ലോഗിലെ 50% കാര്‍ട്ടൂണുകളും വിദേശ കാര്‍ട്ടൂണിസ്‌റ്റുകളുടേതാണെന്ന്‌ കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്‌ പറഞ്ഞു. ശക്തിയുടെ പ്രതീകമായി ആനയെ ചിത്രീകരിക്കുന്ന ബ്രിട്ടീഷ്‌ കാര്‍ട്ടൂണുകള്‍, മദംപൊട്ടിയ ആന, നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്‍, ചതുപ്പില്‍ വീണ്‌ പ്രാണനായി കേഴുന്ന ആന തുടങ്ങി ആനയുമായി ബന്ധപ്പെട്ട ഓരോ ചെറുസംഭവം പോലും ഈ ബ്ലോഗില്‍ കാര്‍ട്ടൂണായി തെളിഞ്ഞിട്ടുണ്ട്‌. കൂടാതെ മഹാത്മഗാന്ധിയെ ആനയായി ചിത്രീകരിക്കുന്ന അബുവിന്റെ കാര്‍ട്ടൂണ്‍, ജയലളിത, മായാവതി എന്നിവരെ ആനയിലൂടെ വരച്ചു കാട്ടുന്ന കാര്‍ട്ടൂണ്‍ എന്നിവയും ബ്ലോഗിലുണ്ട്‌. അതോടൊപ്പം 'ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ ?' തുടങ്ങിയ ആനപഴഞ്ചൊല്ലുകളെ അടിസ്ഥാനമാക്കി വരച്ച കാര്‍ട്ടൂണുകളും കുറവല്ല. തൃശൂരില്‍ നടക്കുന്ന 'ആനവര' കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്‌ മുന്നോടിയായാണ്‌ ബ്ലോഗ്‌ തുറന്നിരിക്കുന്നത്‌. 'http://elephantcartoons.blogspot.com ' എന്നതാണ്‌ ആനബ്ലോഗിന്റെ വിലാസം. തിങ്കളാഴ്‌ച കേരള കാര്‍ട്ടൂണ്‍ അക്കാദമി കൊച്ചി ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കാര്‍ട്ടൂണിസ്‌റ്റ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ എം.എം.മോനായി എം.എല്‍.എയാണ്‌ ബ്ലോഗ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍, സെക്രട്ടറി സുധീര്‍നാഥ്‌, കാര്‍ട്ടൂണിസ്റ്റ്‌ സഞ്‌ജീവ്‌ ബാലകൃഷ്‌ണന്‍ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment