ഇന്നു അവധി ദിവസം. സാധാരണ പോലെ കാലത്തു കുറച്ചു വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇറങ്ങി. വീട്ടില്‍ നിന്നു ഇറങ്ങിയപ്പോള്‍ ഒരു ചെറിയ ലിസ്റ്റ് ഉണ്ടായിരുന്നു കയ്യില്‍. ഇടയ്ക്ക് ഇടയ്ക്ക് മൊബൈല് ഫോണിലൂടെ ഉള്ള വിളികള്‍ കൊണ്ടു ലിസ്റ്റിന്റെ വലിപ്പം കൂടി കൊണ്ടും ഇരുന്നു.
അടുത്തുള്ള അബുദാബി കോ ഓപ്പ് എന്ന സൂപ്പര്‍ മാര്‍കെറ്റില്‍ പോയി. സാധാരണ പോലെ ഓരോന്നോരോന്നായി എടുത്തു, അവസാനം ഒരു പത്തു കിലോ ചാക്കിന്റെ ഒരു അരി യും എടുക്കാം എന്ന് കരുതി. വില നോക്കാറില്ല - എന്നാലും, ഇന്നെന്തു കൊണ്ടോ വില നോക്കാന്‍ ഉള്ള ഒരു മൂഡിലായിരുന്നു. ചാക്കിന്മേല്‍ എഴുതിയ വില കണ്ടപ്പോള്‍ കണ്ണ് തള്ളിപോയി. പത്തു കിലോ അരിക്ക് തൊണ്ണൂറ്റിയാര്‍ ദിര്‍ഹം അമ്പതു ഫില്‍സ് . എന്റെ ഈശ്വര അരിക്ക് ഇത്ര വിലകൂടിയോ?
സാരമില്ല, അരി ഇല്ലാതെ ഒരു മലയാളിയായ എന്റെ ഭക്ഷണം ഒരിക്കലും ശരിയാവില്ല. പതുക്കെ നടന്നു നീങ്ങി, പച്ചക്കറി വയ്ക്കുന്ന ഭാഗത്തേക്ക്. അവിടെ എടുത്തു കൊടുക്കുന്ന പാലക്കാട്ടുകാരന്‍ ജോസഫിനോട് പറഞ്ഞു ഒരു രണ്ടു തേങ്ങ ചിരകിയത് എടുക്കണേ ജോസേട്ടാ . അയ്യോ സാറേ, നാളികേരം ചിരകിയത് ഇപ്പോള്‍ വളരെ കമ്മിയാണ്. സാറിന് വേണമെന്കില്‍ അപ്പുറത്തെ കടയില്‍ കിട്ടും അവിടെ നോക്കികോളൂ. നാളികേരം ഇല്ലാതെ നമ്മുക്കെന്ത് കറികള്‍ ?. വിട്ടൂ അങ്ങോട്ട്. ഇക്ക ഒരു രണ്ടു നാളികേരം ചിരകിയത് വേണല്ലോ? നല്ല തിരക്കുണ്ട് ഒരു പത്തു മിനിട്ട് കാത്തിരിക്കുമോ. ശരി സാരമില്ല. അങ്ങനെ അവിടത്തെ കാഴ്ചകളും കണ്ടു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു പാക്കറ്റില്‍ നാളികേരവുമായി വന്നു. എത്രയായി, അഞ്ചു ദിര്‍ഹം നീട്ടി കൊണ്ടു ഞാന്‍ ചോദിച്ചു. അയ്യോ സാറേ അത് കുറെ നാള്‍ മുന്നായിരുന്നു. ഇപ്പോള്‍ വിലയൊക്കെ കൂടി, ഏഴ് ദിര്‍ഹം അമ്പതു ഫില്‍സ് ആണ് ഇതിന്. ഈശ്വരാ രണ്ടു നാളികേരം ചിരകിയത്തിനു ഏകദേശം എണ്‍പതു രൂപ വില. നാട്ടിലെ വീട്ടിലെ കോലായില്‍ തെങ്ങ് കയറ്റം കഴിഞ്ഞു കുന്നു കൂടി കിടക്കുന്ന തേങ്ങയെ പറ്റി ഓര്‍ത്തുപോയി.
മൊബൈല് ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി . നാട്ടില്‍ നിന്നുള്ള വിളിയാണ്, പരിചയമുള്ള നമ്പരും അല്ല. ആരാണാവോ ഇത്ര നേരത്തെ? എടുത്തേക്കാം എന്ന് വിചാരിച്ചു നോക്കി. മേനോനെ ഇതു ഞാനാ അബ്ദുള്ള. നാളെ, ലീവ് കഴിഞ്ഞു വരികയാ, എന്തെങ്കിലും കൊണ്ടു വരണോ? ഒട്ടും ആലോചിക്കാതെ ഞാന്‍ മറുപടി പറഞ്ഞു - അബ്ദുള്ള വീട്ടില്‍ പോയി ഒരു പത്തു തേങ്ങ ചിരകി കൊണ്ടു വന്നോളൂ....
എന്റെ ഉത്തരം കെട്ട് അയാള്‍ വിച്ചരിചിരുന്നിരിക്കാം ഇങ്ങേര്‍ക്ക് എന്ത് പറ്റി !
ഓണം അടുത്ത് വരുന്നു - ഇങ്ങനെ പോയാല്‍ ഇത്തവണ സാധനങ്ങളുടെ വില ഓണത്തിന് എവിടെ എത്തുമോ എന്നൊരു പിടിയും ഇല്ല്ലാ!!
No comments:
Post a Comment